പാലാ: കോണ്‍ഗ്രസ് അംഗങ്ങളും നഗരസഭയിലെ ഭരണം കൈയാളുന്ന സ്വതന്ത്ര കൂട്ടായ്മയും തമ്മിലുള്ള ഭിന്നതകൾക്കൊടുവിൽ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണം പ്രതിസന്ധിയിൽ. ആറ് കോണ്‍ഗ്രസ് അംഗങ്ങളും മൂന്നു കേരള കോണ്‍ഗ്രസ് അംഗങ്ങളും മൂന്ന് സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളും ഒരു കെഡിപി അംഗവും ഒരു സ്വതന്ത്ര അംഗവും ചേര്‍ന്ന മുന്നണിയാണ് നഗരസഭ ഭരിക്കുന്നത്.
ഇവരുടെ വാട്സ്ആപ്പ് കൂട്ടായ്മയില്‍നിന്നു സ്വതന്ത്ര കൂട്ടായ്മയിലെ അംഗങ്ങള്‍ പുറത്തുപോയി. തർക്കങ്ങൾക്കൊടുവിൽ രണ്ട് പോലീസ് കേസുകള്‍ ഇതിനോടകം വന്നുകഴിഞ്ഞു. കോണ്‍ഗ്രസിലെ ബിജു മാത്യൂസിന്റെ പരാതിയിലാണ് ആദ്യ കേസ്. ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസ്.
കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാന്‍ഡിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് നിലവിലെ പ്രതിസന്ധിക്കു തുടക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിനു പുളിക്കക്കണ്ടം തന്നെ കൈയേറ്റം ചെയ്തെന്നുകാട്ടി ബിജു മാത്യൂസ് പരാതി നൽകിയിരുന്നു. ഈ പരാതി പരിശോധിക്കാൻ ചെയർപേഴ്സന്റെ ചേംബറിൽ പോലീസ് എത്തിയതിന് പിന്നാലെയാണ് രണ്ടാം പരാതിയുണ്ടായത്.
തന്റെ ചേംബറിൽനിന്നു സുപ്രധാനമായ ഫയലും അതിനുള്ളിലിരുന്ന വിലപിടിപ്പുള്ള വാച്ചും മോഷണം പോയെന്ന് ആരോപിച്ച് ദിയ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. കൗണ്‍സിലര്‍ ബിജു മാത്യൂസും മൂന്നു പോലീസുകാരും തന്റെ ചേംബറിൽ അതിക്രമിച്ചു കയറിയെന്നാണ് പരാതിയില്‍ പറയുന്നത്. ചെയര്‍പേഴ്സന്റെയോ നഗരസഭാ സെക്രട്ടറിയുടെയോ അനുവാദമില്ലാതെ നടത്തിയ പരിശോധനയ്ക്കെതിരേ സെക്രട്ടറിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൗണ്‍സിലര്‍ ബിജു മാത്യൂസും കൂടെയുണ്ടായിരുന്ന മൂന്നുപേരും ഔദ്യോഗികമായി അറിയിക്കാതെ പ്യൂണിനെക്കൊണ്ട് ബലമായി ചേംബർ തുറപ്പിച്ച് അകത്തുകയറിയെന്നും വിവരമറിഞ്ഞ് താന്‍ ഓഫീസിലെത്തുമ്പോള്‍ നഗരസഭാ സെക്രട്ടറിയുടെ ഓഫീസിന് സമീപം ബിജു മാത്യൂസ് നില്‍പ്പുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ കൈവശം തന്റെ ഓഫീസ് മേശയില്‍ ഉണ്ടായിരുന്നതു പോലുള്ള ഫയല്‍ ഇരിക്കന്നതു കണ്ടതായും പരാതിയില്‍ പറയുന്നു.
അന്വേഷണത്തെ സ്വാഗതംചെയ്ത് ബിജു മാത്യൂസ്
പോലീസ് ആവശ്യപ്പെട്ടിട്ടാണ് താന്‍ അവർക്കൊപ്പം ചെയര്‍പേഴ്സന്റെ ചേംബറിൽ പോയത്. മൂന്ന് പോലീസുകാരും ക്ലര്‍ക്കും കൂടെയുണ്ടായിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണ്. തന്നെ കൈയേറ്റം ചെയ്ത വിഷയം പാർട്ടിയെ അറിയിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശം പാലിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്. നഗരസഭയില്‍ കുടുംബപരമായി എടുക്കുന്ന തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ബിജു മാത്യുസ് പറഞ്ഞു.
നഷ്ടപ്പെട്ടത് സുപ്രധാന ഫയൽ: ദിയ
തന്റെ ചേംബറിൽനിന്നു നഷ്ടപ്പെട്ടത് സുപ്രധാന ഫയലെന്ന് ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം. ഓഫീസ് സമയം കഴിഞ്ഞാണ് പോലീസ് അതിക്രമിച്ച് കയറിയത്. ക്ലര്‍ക്കിനെ ഭീഷണിപ്പെടുത്തിയാണ് താക്കോല്‍ വാങ്ങിയത്. ബിജു മാത്യൂസിന്റെ പരാതിയിൽ പോലീസ് ഒന്നും ചോദിച്ചിട്ടില്ലെന്നും ദിയ വ്യക്തമാക്കി.
സിസിടിവി കാമറകള്‍
സ്ഥാപിക്കണം: പ്രതിപക്ഷ നേതാവ്
നഗരസഭ ഓഫീസ് സമുച്ചയം സിസിടിവി നിരീക്ഷണത്തിലാക്കണമെന്നും വിവാദങ്ങളല്ലാതെ ഒന്നും ഇവിടെ നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കേരള കോണ്‍ഗ്രസ്-എമ്മിലെ ബിജു പാലൂപ്പടവന് പറഞ്ഞു.